03:56am 08 November 2026
NEWS
സെക്രട്ടറിയേറ്റിൽ ചരടുവലി ശക്തം
‘ബ്രോ’യുടെ മനസ്സിൽ എന്താണ്...?
വെട്ടിലായി പിണറായി ആന്റ് ടീം !

02/04/2025  09:55 AM IST
അനീഷ് മോഹനചന്ദ്രന്‍
പുകയുന്നു !
HIGHLIGHTS

സര്‍ക്കാരിനും പാര്‍ട്ടിക്കും കൂടുതൽ താത്പര്യം ക്രെഡിബിലിറ്റി അത്രകണ്ട് അവകാശപ്പെടാനില്ലാത്ത ജയതിലകിനോടായതുകൊണ്ട് അദ്ദേഹത്തിന്റെ സാദ്ധ്യത പൂര്‍ണ്ണമായി തള്ളാൻ സാധിക്കില്ല. ഇത് മുൻകൂട്ടി കണ്ടാണ് ... 

തിരുവനന്തപുരം :  ജനങ്ങളുടെ പ്രിയപ്പെട്ട ‘കലക്ടര്‍ ബ്രോ’ എൻ. പ്രശാന്ത് ഐ.എ.എസ്. മനസ്സിൽ കുറിച്ചിരിക്കുന്ന ആ തീരുമാനം എന്താണ്? ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പരസ്പരം ചോദിക്കുന്ന ചോദ്യമിതാണ്. സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന പ്രശാന്ത് ഇപ്പോൾ സസ്പെഷൻഷനിലാണ്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രശാന്ത് ഇപ്പോഴും പുറത്തുനിൽക്കുന്നത്. എന്നാൽ ഐ.എ.എസുകാരുടെ ഹിന്ദു വാട്സ് ആപ് കൂട്ടായ്മ ഉണ്ടാക്കിയ ഗോപാൽകൃഷ്ണൻ എ.ഐ.എസ്. സര്‍വ്വീസിൽ തിരിച്ചെത്തുകയും ചെയ്തു. ഇതോടെ സര്‍ക്കാരുമായി കൂടുൽ ഇടഞ്ഞ പ്രശാന്ത് കാരണം കാണിക്കൽ നോട്ടീസിന് മറുചോദ്യങ്ങൾ അടങ്ങിയ മറുപടി നൽകി പ്രശ്നം കൂടുതൽ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു. ഇതിനിടെയാണ് പൊടുന്നനെ ആ തീരുമാനം ഇന്ന് എന്നതരത്തിൽ കഴിഞ്ഞദിവസം പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാത്ത പ്രശാന്ത് അധികം വൈകാതെ പോസ്റ്റ് പിൻവലിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ എന്താണെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. 
          1990 ബാച്ച് കേരളാകാഡര്‍ ഉദ്യോഗസ്ഥയായ ശാരദാമുരളീധരൻ ഈമാസം സര്‍വ്വീസിൽ നിന്നും വിരമിക്കും. അടുത്ത ചീഫ് സെക്രട്ടറിയായി സര്‍ക്കാര്‍ പരിഗണിക്കുന്നത് 1991 ബാച്ചുകാരനായ ജയതിലകിനെയാണ് എന്നാണ് വിവരം. ജയതിലക് ചീഫ് സെക്രട്ടറി ആയെത്തിയാൽ പിന്നെ ഒരുനിമിഷം സര്‍വ്വീസിൽ തുടരില്ല എന്ന് പ്രശാന്ത് തീരുമാനിച്ചിട്ടുണ്ടെന്ന് ചില സൂചനകളുണ്ട്. അതിനിടെ, കേന്ദ്രഡേപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ 1989 ബാച്ചിലെ മനോജ് ജോഷി കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. നിലവിലെ ചീഫ് സെക്രട്ടി ശാരദാമുരളീധരനേക്കാളും അവരുടെ ഭര്‍ത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വി. വേണുവിനേക്കാളും സീനിയറാണ് മനോജ് ജോഷി. മികച്ച ട്രാക്ക് റെക്കോര്‍ഡിനുടമയായ മനോജ് ജോഷിക്ക് ജയതിലകിനേക്കാൾ ഏഴുമാസം കൂടുതൽ സര്‍വ്വീസ് കാലാവധിയും (2027 ജനുവരി) ഉണ്ട്. അതുകൊണ്ട് സ്വഭാവികമായും അദ്ദേഹത്തിന് നറുക്കുവീഴേണ്ടതാണ്. അങ്ങിനെങ്കിൽ ഒരുപക്ഷേ ജയതിലക് തഴയപ്പെട്ടേയ്ക്കാം. 
         അതേസമയം, സര്‍ക്കാരിനും പാര്‍ട്ടിക്കും കൂടുതൽ താത്പര്യം ക്രെഡിബിലിറ്റി അത്രകണ്ട് അവകാശപ്പെടാനില്ലാത്ത ജയതിലകിനോടായതുകൊണ്ട് അദ്ദേഹത്തിന്റെ സാദ്ധ്യത പൂര്‍ണ്ണമായി തള്ളാൻ സാധിക്കില്ല. ഇത് മുൻകൂട്ടി കണ്ടാണ് പ്രശാന്ത് വെടിപൊട്ടിച്ചത്. എന്നാൽ ജയതിലകിന്റെ പേര് വെട്ടിമാറ്റാൻ ചില ഉന്നതതലനീക്കങ്ങൾ സെക്രട്ടറിയേറ്റിൽ നടക്കുന്നതായാണ് സൂചന. ഐ.എ.എസുകാരിൽ ഒരു പ്രബലവിഭാഗം മനോജ് ജോഷിക്കായി ചരടുവലി ശക്തമാക്കിയിട്ടുണ്ട്. സീനിയോറിട്ടിവെച്ചും അദ്ദേഹം തന്നെയാണ് യോഗ്യൻ. അദ്ദേഹം ചീഫ് സെക്രട്ടറി ആയെത്തിയാൽ ഒരുപക്ഷേ പ്രശാന്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും സര്‍ക്കാരുമായുള്ള മഞ്ഞുരുക്കം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ എടുത്തുചാടി തീരുമാനമൊന്നും എടുക്കേണ്ടതില്ല എന്ന് പ്രശാന്തിനെ ചിലര്‍ ഉപദേശിച്ചതായും സൂചനയുണ്ട്. 
        ഇനി അഥവാ ഒരുവേള പ്രശാന്ത് സര്‍വ്വീസിൽ നിന്നും രാജിവെച്ചാൽ അദ്ധ്യാപനരംഗത്തേയ്ക്ക് മാറിയെക്കുമെന്നും ചില സൂചനകൾ വരുന്നുണ്ട്. എന്നാൽ പ്രശാന്തിനെ രാഷ്ട്രീയത്തിലിറക്കാൻ യു.ഡി.എഫിലെ ഒരു പ്രമുഖൻ കൊണ്ടുപിടിച്ച നീക്കങ്ങൾ നടത്തുന്നുണ്ട്. പ്രശാന്ത് അതിന് വഴങ്ങിയിട്ടുണ്ടോ എന്നുറപ്പില്ല. അഥവാ അദ്ദേഹം അനുകൂലതീരുമാനം എടുത്താലും ഇപ്പോൾ അതുവെളിപ്പെടുത്താറായിട്ടില്ല എന്നാണ് ഉന്നതന്റെ നിലപാട്. ഈ സാഹചര്യത്തിൽ കുറച്ചുകൂടി അവധാനതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img